പെനാംഗ്: ഏഷ്യയിലെ സഭ അനുരഞ്ജനത്തിന്റെ പുതിയ പാത സ്വീകരിക്കണമെന്ന് സീറോമലബാർ സഭാ മേജർ ആർച്ചബിഷപ് മാർ റാഫേൽ തട്ടിൽ. മലേഷ്യയിലെ പെനാംഗിൽ നടക്കുന്ന ഗ്രേറ്റ് പിൽഗ്രിമേജ് ഓഫ് ഹോപ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ.
ഏഷ്യയിലെ വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സഭ വിശ്വാസത്തിന് സ്ക്ഷ്യം വഹിക്കണം. അത് അനുരഞ്ജനപ്പെട്ടതും മറ്റുള്ളവരെ അനുരഞ്ജനപ്പെടുത്തുന്നതുമായ ഹൃദയത്തോടെയാകണം.
ഏഷ്യയിലെ സഭയുടെ ദൗത്യത്തിന്റെ കാതൽ ഓരോ വ്യക്തിയിലും പ്രത്യേകിച്ച്, പാവപ്പെട്ടവരിലും ദുർബലരിലും ക്രിസ്തുവിനെ ദർശിക്കാൻ കഴിയുക എന്നതാണ്.
പ്രേഷിത ദൗത്യത്തിലെ ഒരുതരം അസ്വസ്ഥത ബലഹീനതയല്ല, മറിച്ച് അത് ജീവന്റെയും തീക്ഷ്ണതയുടെയും ലക്ഷണമാണ്. ഇന്നത്തെ വെല്ലുവിളികളെ ധൈര്യത്തോടെയും സർഗാത്മകതയോടെയും നേരിടണമെന്നും മാർ തട്ടിൽ ഉദ്ബോധിപ്പിച്ചു.
തൊഴിലിടങ്ങളിലും അയൽപക്കങ്ങളിലും പൊതുജീവിതത്തിലും സുവിശേഷം എത്തിക്കുന്നതിൽ അല്മായർക്ക് സനിർണായക പങ്കുണ്ട്. ദൈനംദിന ജീവിതസാക്ഷ്യത്തിലൂടെയും മാമ്മോദീസാ വഴിയും അവർ മിഷണറിമാരായി മാറുന്നുവെന്നും മേജർ ആർച്ചബിഷപ് ചൂണ്ടിക്കാട്ടി.